കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നത്. കാഷ്വാലിറ്റി, ഐസിയു, ലേബര്‍ റൂം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡോക്ടര്‍മാരുടെ സംഘടനകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തും.രാവിലെ 10.30 നാകും ചര്‍ച്ച നടത്തുക. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുറ്റക്കാരായവര്‍ക്കെതിരെ മാതൃകപരമായ ശിക്ഷനടപടികള്‍ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ആശുപത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.