ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വനമേഖലയിലേക്ക്. ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് ഭാഗത്ത് നിന്നും കേരള അതിർത്തിയിലേക്ക് അരിക്കൊമ്പൻ കടന്നത്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച് ഇന്നലെ മണലാർ എസ്റ്റേറ്റ് വരെ അരിക്കൊമ്പൻ എത്തിയിരുന്നു. തമിഴ്നാടിന്റെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മംഗളദേവീ ക്ഷേത്രത്തിൽ ഇന്ന് ചിത്രപൗർണമി ഉത്സവമായതിനാൽ, ഈ മേഖലയിൽ നിരവധി വനപാലകരെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് തിരികെ വരാൻ സാധ്യതയുള്ളതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.
ആരോഗ്യനില വീണ്ടെടുത്ത അരിക്കൊമ്പൻ മൂന്ന് ദിവസം കൊണ്ട് 30- ലധികം കിലോമീറ്ററാണ് സഞ്ചരിച്ചിട്ടുള്ളത്. അതേസമയം, ഉൾവനങ്ങളിലേക്ക് പോയതിനാൽ ദിവസങ്ങൾക്ക് മുൻപ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിച്ചിരുന്നില്ല. നേരിയ തോതിൽ ആശങ്ക പടർത്തിയിരുന്നു. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ സ്ഥലങ്ങൾക്ക് സമീപത്തെ വനമേഖലയിലൂടെയാണ് അരിക്കൊമ്പൻ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.