ഓഡിയോ ടേപ്പ് വിവാദത്തിൽ മൗനം വെടിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M K Stalin) . തനിക്ക് ഇത്തരം വിവാദങ്ങൾക്ക് സമയമില്ലെന്നും അതിൽ ഉൾപ്പെട്ടവർക്കായി പരസ്യം നൽകാൻ താൽപ്പര്യമില്ലാത്തതിനാൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ (DMK) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മകൻ ഉദയ്നിധിയുടെയും (Udhaynidhi Stalin) മരുമകൻ ശബരീശന്റെയും സ്വത്തുവിവരങ്ങളെക്കുറിച്ച് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ (PTR) ചില ‘വെളിപ്പെടുത്തൽ’ നടത്തിയെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് (audio-tape) പുറത്തു വന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.
“ആ വിഷയത്തെ കുറിച്ച് ഞാൻ ഇതിനകം ഒരു വിശദീകരണം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മാത്രമേ എനിക്ക് സമയമുള്ളൂ. വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പരസ്യം നൽകാനും അതിനു മുകളിൽ ചർച്ച നടത്താനും ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം രാജ്ഭവനിൽ പരാതി നൽകിയിട്ടുണ്ട്. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ മകൻ ഉദയ്നിധിയുടെയും മരുമകൻ ശബരീശന്റെയും സ്വത്തുവിവരങ്ങളെക്കുറിച്ച് പിടിആർ ചില ‘വെളിപ്പെടുത്തലുകൾ’ നടത്തിയെന്ന് അവകാശപ്പെടുന്ന രണ്ട് ഓഡിയോ ക്ലിപ്പുകൾ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പങ്കുവെച്ചിരുന്നു.
അതേസമയം തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്കുള്ള സംവരണ ക്വാട്ട ഒഴിവാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെക്കുറിച്ച് സ്റ്റാലിൻ പ്രതികരിച്ചു. “അദ്ദേഹം നടത്തിയ പരാമർശങ്ങൾ മുസ്ലിം സമുദായങ്ങളോടുള്ള അദ്ദേഹത്തിന്റെ വിദ്വേഷമാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് അമിത് ഷാ അങ്ങനെ സംസാരിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.
മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വിതറുന്നത് ഹിന്ദുക്കളെ തൃപ്തിപ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. അത് സത്യമല്ല. ബിജെപിക്ക് വോട്ട് ചെയ്യാത്ത ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും അവർ സമാധാനവും സാഹോദര്യവും ആഗ്രഹിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. മതേതരത്വം പിന്തുടരുന്ന ഒരു രാജ്യത്ത് ഒരു കേന്ദ്രമന്ത്രി അത്തരത്തിൽ സംസാരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.