പ്രിയങ്ക ഗാന്ധി ജന്തർ മന്തറിൽ; ഗുസ്തിതാരങ്ങളെ സന്ദർശിച്ചു

ലൈംഗികാതിക്രമ ആരോപണങ്ങളിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമരം നടക്കുന്ന ജന്തർ മന്തറിലെത്തിയാണ് പ്രിയങ്ക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം നയിക്കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരുമായി പ്രിയങ്ക നേരിട്ട് സംസാരിച്ചു.

“ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി അറിയാൻ കഴിഞ്ഞു. എന്നാൽ  അതിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല, അതിനാൽ ഏതൊക്കെ വകുപ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയാൻ സാധിച്ചിട്ടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത് കാണിക്കണം. ഈ വ്യക്തിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുണ്ട്. പദവിയിലിരിക്കെ അന്വേഷണം സാധ്യമല്ല, അതിനാൽ ആദ്യം രാജിവെക്കണം.”- പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേ സമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് കളിക്കാരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം എഎപി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും താരങ്ങളെ കണ്ടിരുന്നു.

ബ്രിജ്ഭൂഷണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ലൈംഗികാതിക്രമ ആരോപണങ്ങളിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയിന്മേൽ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പരാതികളിൽ ഒന്ന് പ്രായപൂർത്തിയാകാത്തയാളുടേതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണെതിരെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം (പോക്‌സോ) നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. മറ്റ് പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.