അരിക്കൊമ്പൻ ദൗത്യം നാളെ: പുലർച്ചെ 4 ന് ശ്രമം തുടങ്ങും

ഇടുക്കിയിലെ ചന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെ നടക്കും. നാളെ പുലർച്ചെ നാല് മണിക്ക് ദൗത്യം തുടങ്ങും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ഡ്രിൽ നടത്തുന്നത്.

അരിക്കൊമ്പനെ എവിടേക്ക് മാറ്റും എന്നതുൾപ്പെടെയുളള വിവരങ്ങൾ വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കൊമ്പനെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയതായാണ് വിവരം.

പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. അതേസമയം അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ നേരത്തെ തന്നെ അസമിൽ നിന്ന് എത്തിയിരുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തിയത്.