അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീംകോടതിയിൽ ലാവ്‌ലിൻ കേസ് വീണ്ടും എത്തുന്നത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, മറ്റു ഉന്നതരെയും കുറ്റവിമുക്തരാക്കിയതിനെ ചോദ്യംചെയ്തുള്ള സിബിഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുമുള്ള ഹർജിയുമാണ് സുപ്രീംകോടതി മുമ്പാകെ ഉള്ളത്.

അസുഖബാധിതനായതിനാൽ കേസ് ഇന്ന് പരിഗണിക്കരുതെന്ന് ഊർജ്ജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ സുപ്രീംകോടതി റജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് 33 തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവെക്കേണ്ടി വന്നത്.