മോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണി

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്ത്. ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഒരാഴ്ച മുമ്പെത്തിയ കത്ത് എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണെന്നാണ് സൂചന്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കാണുന്നത്. കത്തിന്റെ ഉറവിടം തേടി ദ്രുതഗതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരമുള്ളത്. കത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. നാളെ വൈകിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന അദ്ദേഹം 25ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്.