സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പച്ച, മഞ്ഞ കവറുകളിലാണ് ഈ പാലുകൾ വിപണിയിൽ എത്തുന്നത്. ഒരു പാക്കറ്റ് പാലിന് ഒരു രൂപ വീതമാണ് മിൽമ വർദ്ധിപ്പിച്ചിരിക്കുന്നത്.
മിൽമ റിച്ച് പാലിന് ഇന്നലെ വരെ 29 രൂപയായിരുന്നു വില. എന്നാൽ, ഇന്ന് മുതൽ ഒരു രൂപ വർദ്ധിക്കുന്നതോടെ, ഒരു പാക്കറ്റ് മിൽമ റിച്ച് പാലിന്റെ വില 30 രൂപയായി ഉയരും. 24 രൂപ വിലയുണ്ടായിരുന്ന മിൽമ സ്മാർട്ട് പാലിന് ഇനി മുതൽ 25 രൂപയാണ് നൽകേണ്ടത്. അഞ്ച് മാസങ്ങൾക്ക് മുൻപ് പാൽ ലിറ്ററിന് 6 രൂപ മിൽമ വർദ്ധിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാറിനെ അറിയിക്കാതെയാണ് മിൽമ പാൽ വില വർദ്ധിപ്പിച്ചത്. അതിനാൽ, ഏകപക്ഷീയമായ വില വർദ്ധനവിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം, വില കൂട്ടുകയല്ല പകരം, ഏകീകരിക്കുകയാണ് ചെയ്തതെന്ന് മിൽമ വിശദീകരണം നൽകി.