ചൈനയുമായുള്ള അതിർത്തി തർക്കത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) ചൈനീസ് കടന്നു കയറ്റത്തിനും ഇടയിൽ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച ആർമി കമാൻഡർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
രാജ്നാഥ് സിംഗും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും സമ്മേളനത്തിൽ സേനയുടെ ഉന്നതരെ അഭിസംബോധന ചെയ്യുമെന്നും, സംയോജനവും സംയുക്തതയും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 17 മുതൽ 21 വരെ നടക്കുന്ന കോൺഫറൻസിൽ, കിഴക്കൻ ലഡാക്കിലെ മൂന്ന് വർഷത്തെ അതിർത്തി തർക്കം കണക്കിലെടുത്ത് യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) മൊത്തത്തിലുള്ള സ്ഥിതിഗതികളെക്കുറിച്ച് കമാൻഡർമാർ വിപുലമായ അവലോകനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആർമി കമാൻഡർമാരുടെ സമ്മേളനം രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. നിച്ച് ടെക്നോളജി, ഇന്നൊവേഷൻ, നിരീക്ഷണത്തിനുള്ള പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഓപ്പറേഷൻ ലോജിസ്റ്റിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപകരണ പ്രദർശനവും രാജ്നാഥ് സിംഗ് അവലോകനം ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനും കേന്ദ്ര ഭരണ പ്രദേശത്തെ മൊത്തത്തിലുള്ള സാഹചര്യവും സമ്മേളനത്തിൽ വിപുലമായി ചർച്ച ചെയ്യും.
മുതിർന്ന ഉദ്യോഗസ്ഥരെ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും അഭിസംബോധന ചെയ്യും.
ആർമി കമാൻഡർമാരുടെ സമ്മേളനം
ആർമി കമാൻഡേഴ്സ് കോൺഫറൻസ് (എസിസി) ഒരു അപെക്സ് ലെവൽ ദ്വൈവാർഷിക പരിപാടിയാണ്, ഇത് ആശയപരമായ തലത്തിലുള്ള ചർച്ചകൾക്കുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഇന്ത്യൻ സൈന്യത്തിന് സുപ്രധാനമായ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതാണ് ഈ സമ്മേളനം.
സുരക്ഷിതമായ ആശയവിനിമയത്തിനായി ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ആദ്യമായാണ് സമ്മേളനം ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ നടത്തുന്നത്. അതിൽ ആർമി കമാൻഡർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ആദ്യ ദിവസം വിർച്വൽ യോഗം ചേരും, തുടർന്ന് വിശദമായി ആവശ്യമുള്ള കാര്യങ്ങളിൽ സാധാരണ കൂടിക്കാഴ്ച്ചക്കായി ഡൽഹിയിലേക്ക് പോകും.
സമ്മേളനത്തിന്റെ ആദ്യ ദിവസം, വിവിധ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് നിർദ്ദേശിച്ച അജണ്ട പോയിന്റുകൾ ചർച്ച ചെയ്യും. തുടർന്ന് കമാൻഡർ-ഇൻ-ചീഫ് ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിൽ നിന്നുള്ള അപ്ഡേറ്റും കരസേനാ ആസ്ഥാനത്തെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാരുടെ സെഷനുകളും നടത്തും.
അഗ്നിപഥ് പദ്ധതിയുടെ പുരോഗതി, ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ സംരംഭങ്ങൾ, കോംബാറ്റ് എഞ്ചിനീയർമാരുടെ ജോലികൾ, പ്രവർത്തന വശങ്ങൾ, ബജറ്റ് മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ‘ഇയർ ഓഫ് ട്രാൻസ്ഫർമേഷൻ-2023’ന്റെ ഭാഗമായി നിശ്ചയിച്ച പ്രവർത്തനങ്ങളുടെ പുരോഗതിയും ഫോറം അവലോകനം ചെയ്യും. ഇന്ത്യൻ സേനയുടെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തന തയ്യാറെടുപ്പ് അവലോകനവും ഉന്നത നേതൃത്വം വിലയിരുത്തും.