കള്ളം പറയുന്നു; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേജ്രിവാള്‍

ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സിബിഐയെയും ഇ.ഡിയേയും വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മദ്യനയത്തില്‍ അഴിമതി നടന്നിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിട്ടുണ്ടെന്നും മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് കള്ളക്കേസെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് കേജ്രിവാള്‍ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

ഇഡിയും സിബിഐയും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിസോദിയയെ പ്രതിയാക്കാന്‍ സത്യവാങ്മൂലം നല്‍കിയെന്നും കേജ്രിവാള്‍  പറഞ്ഞു. കള്ളസാക്ഷ്യത്തിനും തെറ്റായ തെളിവുകള്‍ ഹാജരാക്കിയതിനും രണ്ട് ഏജന്‍സികള്‍ക്കെതിരെ ഉചിതമായ കേസുകള്‍ ഫയല്‍ ചെയ്യും. രണ്ട് കേന്ദ്ര ഏജന്‍സികളും ഓരോ ദിവസവും ആരെയെങ്കിലുമൊക്കെ പിടികൂടുകയും ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മന്ത്രിമാരുടെ പേര് നല്‍കാന്‍ അവരെ നിര്‍ബന്ധിച്ചു. പിടികൂടുന്നവരെ ഇഡി മര്‍ദിച്ചെന്നും അരുണ്‍ പിള്ളയെയും സമീര്‍ മഹേന്ദുവിനെയും പേരെടുത്തുപറയാന്‍ ഉപദ്രവിച്ചെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

‘ഇത് അവരുടെ അന്വേഷണമാണ്. എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കണം, എന്താണ് സംഭവിക്കുന്നതെന്ന്?’ കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത് .

ഇപ്പോള്‍ റദ്ദാക്കിയ മദ്യനയത്തില്‍ നിന്ന് 100 കോടിയുടെ കിക്ക്ബാക്ക് ഉണ്ടായെന്ന ED യുടെ പ്രസ്താവനയും അദ്ദേഹം തള്ളി. എവിടെയാണ് ഈ 100 കോടി, എല്ലായിടത്തും റെയ്ഡുകള്‍ നടത്തി, മനീഷ് സിസോദിയയുടെ കിടക്ക കീറി. എന്നിട്ടും ഒരു കഷണം ആഭരണം പോലും കണ്ടെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പണം ഉപയോഗിച്ചതെന്ന ഇഡിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ‘ഞങ്ങള്‍ ജോലി ചെയ്തിരുന്ന എല്ലാ കച്ചവടക്കാരെയും അവര്‍ റെയ്ഡ് ചെയ്തു. എല്ലാ കച്ചവടക്കാരുടെയും മൊഴിയെടുത്തു, ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.’, കേജ്രിവാള്‍ പരിഹസിച്ചു.

‘മോദി ജി , കെജ്രിവാള്‍ അഴിമതിക്കാരനാണെങ്കില്‍ ആരും സത്യസന്ധനല്ല. മോദിയുടെ കീഴിലുള്ള ചില മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പണം തങ്ങളില്‍ സൂക്ഷിക്കുന്നില്ല. അവര്‍ അത് ഉന്നത അധികാരികള്‍ക്ക് അയയ്ക്കുന്നു. അവിടെ നിന്ന് പണം അവരുടെ സുഹൃത്തുക്കളുടെ കമ്പനികളിലേക്ക് നിക്ഷേപിക്കുന്നു,’ മാലിക്കിനെ ഉദ്ധരിച്ച് കെജ്രിവാള്‍ പറഞ്ഞു.

‘ഇത്രയും അഴിമതിക്കാരനായ ഒരാള്‍ക്ക് അഴിമതി ഒരു പ്രശ്നമല്ല, പിന്നെ എന്തിനാണ് അവര്‍ എഎപിക്ക് പിന്നാലെ?’ 75 വര്‍ഷത്തിനിടയില്‍ തന്റെ പാര്‍ട്ടിയെപ്പോലെ ഒരു പാര്‍ട്ടിയെയും ഇത്തരത്തില്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടില്ല. അവര്‍ എന്റെ നമ്പര്‍ 2, എന്റെ നമ്പര്‍ 3 എന്നിവയെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ അവര്‍ എന്നെ തേടി വരുന്നു,’ മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും പരാമര്‍ശിച്ച് കെജ്രിവാള്‍ പറഞ്ഞു.

‘എന്നെ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി ഇന്നലെ മുതല്‍ പത്രസമ്മേളനം നടത്തുന്നു, ഇപ്പോള്‍ ബിജെപി അവര്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെങ്കില്‍, പറ്റില്ലെന്ന് പറയാന്‍ സിബിഐ ആരാണ്?’തന്റെ അറസ്റ്റിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.