വേനലിൽ വെന്തുരുകി കേരളം: പലയിടത്തും ഉഷ്ണതരംഗത്തിന് സാദ്ധ്യത

കൊടും വേനലിൽ വെന്തുരുകി കേരളം. വടക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലുമാണ് ചൂട് കൂടുതൽ. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാദ്ധ്യതയുള്ള 45 മുതൽ 50 വരെ ചൂട് എത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക ഏഴ് ജില്ലകളിൽ ഉയർന്ന നിലവാരത്തിലാണ്.

കാലാവസ്ഥ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ (എഡബ്ല്യുഎസ്) കണക്കുപ്രകാരം തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 14 പ്രദേശങ്ങളിൽ ചൂട് 40 ഡിഗ്രി പിന്നിട്ടു. പാലക്കാട് മുണ്ടൂർ അടക്കം 17 പ്രദേശങ്ങളിൽ താപനില 40 കടന്നിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 39 ഡിഗ്രി രേഖപ്പെടുത്തിയ പാലക്കാട്ടും 38.7 ഡിഗ്രിയുള്ള തൃശൂർ വെള്ളാനിക്കരയിലും ആണ് ഇന്നലെ കൂടിയ ചൂട്.

മുൻ കാലങ്ങളിൽ ഉച്ച സമയത്ത് മാത്രമാണ് ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്. തുടർച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു വരികയാണ്.

അതേസമയം അടുത്ത നാല് ദിവസം എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മഴ ജാഗ്രതാ നിർദ്ദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.