കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു: ഈ മാസം 24- ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും

അതിവേഗ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇനി കേരളത്തിലും ഓടിത്തുടങ്ങും. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 24- ന് കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. നിലവിൽ, വന്ദേ ഭാരത് ട്രെയിൻ സർവീസിനായുള്ള അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.

എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ വേഗതയാണ് വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാവുക. നഗരങ്ങളിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സ്റ്റോപ്പ് അനുവദിക്കും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചാണ് കോച്ചുകളുടെ എണ്ണവും വർദ്ധിപ്പിക്കുക. നിലവിൽ, വന്ദേ ഭാരത് എക്സ്പ്രസിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. കോട്ടയം വഴി സർവീസ് നടത്തുമെന്നാണ് സൂചന.

യുവം പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പരിപാടിയോടനുബന്ധിച്ച് കൊച്ചിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതാണ്. ഏപ്രിൽ 24- ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രട്ട് ഹാർട്ട് കോളേജ് മൈതാനി വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.