പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ യാത്രയുടെ ഭാഗമായി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ചു. കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ബന്ദിപ്പൂരിൽ എത്തിയത്. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഗ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ച് കടുവാ സങ്കേതത്തിൽ എത്തിയ മോദിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബന്ദിപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ബന്ദിപ്പൂർ കടുവാ സംരക്ഷണ പരിപാടിയിൽ വച്ച് പ്രധാനമന്ത്രി രാജ്യത്തെ കടുവകളുടെ കണക്കും, കടുവാ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബന്ദിപ്പൂർ സന്ദർശിച്ച ശേഷം, തമിഴ്നാട്ടിലെ മുതുമലൈ കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും സന്ദർശിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ ഓസ്കാർ പുരസ്കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ- ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. മോദിയുടെ സന്ദർശനത്തെ തുടർന്ന് മുതുമലൈ മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുക.