പ്രധാനമന്ത്രി മോദി ഇന്ന് തമിഴ്നാട്ടില്‍; നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍. ചെന്നൈ വിമാനത്താവളത്തില്‍ 2,437 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ച് യാത്രാപ്ലാന്‍ തയ്യാറാക്കണമെന്നും പോലീസ് പറഞ്ഞു. ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയക്കിയ പുതിയ ടെര്‍മിനലാണ് മോദി ഉദ്ഘാടനം ചെയ്യുക. ഇതോടെ  പ്രതിവര്‍ഷം യാത്രക്കാരുടെ എണ്ണം 35 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഇത് ചെന്നൈയുടെ അടിസ്ഥാന സൗകര്യത്തിന് ഒരു പ്രധാനപടിയാകും. കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും’ മോദി ട്വീറ്റില്‍ കുറിച്ചു.
പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ 2.20 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണെന്നും ഇത്
തമിഴ്നാട്ടിലെ വര്‍ധിച്ചുവരുന്ന വ്യോമഗതാഗതത്തിന്  ഉപകരിക്കുമെന്നും ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണീ ടെര്‍മിനലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 35 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ചെന്നൈ വിമാനത്താവളത്തിലെ ആധുനിക സൗകര്യങ്ങള്‍ എല്ലാവരുടെയും വിമാന യാത്രാ അനുഭവം മെച്ചപ്പെട്ടതാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ടെര്‍മിനലില്‍ 108 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അറൈവലിനും ഡിപ്പാര്‍ച്ചറിനുമായി ഇവ തുല്യമായി വിഭജിച്ചിട്ടുണ്ട്.
ഈ പ്രക്രിയ യാത്രാനുഭവം മികച്ചതാക്കും.

ടെര്‍മിനലിന്റെ ഉദ്ഘാടനത്തിന് പുറമെ, പുരച്ചി തലൈവര്‍ ഡോ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്താനാണ് ദക്ഷിണ റെയില്‍വേ പദ്ധതിയിട്ടിട്ടുളളത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന വന്ദേ ഭാരത് ട്രെയിന്‍ 5.50 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് 1.20 മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. പിന്നീട്, കാമരാജര്‍ ശാലയിലെ (ബീച്ച് റോഡ്) വിവേകാനന്ദര്‍ ഇല്ലത്ത് രാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക ദിനാചരണത്തിലും പല്ലാവരത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിലും മോദി പങ്കെടുക്കും.