അധികാരത്തിലെത്തിയാല്‍ ബിജെപി റദ്ദാക്കിയ മുസ്ലീം സംവരണം കോണ്‍ഗ്രസ് പുനംസ്ഥാപിക്കും- ഉറപ്പ് നൽകി ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം വോട്ടുകൾ നേടാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ ഞങ്ങള്‍ ഞങ്ങളുടെ രണ്ട് പട്ടികകള്‍ പ്രഖ്യാപിച്ചു. ബിജെപിക്ക് ഇതുവരെ പട്ടിക പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ പട്ടികകള്‍ വരും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നം റദ്ദാക്കും. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പ്രാദേശിക സംഘടനയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് സീറ്റ് നല്‍കുകയും ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടിക ഏപ്രില്‍ എട്ടിന് പുറത്തുവിടുമെന്ന് ബിജെപി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.