വൈക്കം സത്യ​ഗ്രഹം നൂറാം വാർഷികം; കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്ത്

വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് അദ്ദേഹം കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്ക് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺ​ഗ്രസ് പ്രവർത്തകരെ ഖർ​ഗെ അഭിസംബോധന ചെയ്യുക. അധ്യക്ഷ പദവിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തുന്നത്.

പരിപാടിയിൽ അമ്പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. വൈക്കത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം നെടുമ്പാശ്ശേരിയിൽ‌ നിന്ന് അദ്ദേഹം കർണാടകയിലേക്ക്  മടങ്ങും. കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഖർ​ഗെക്ക് ഒപ്പമുണ്ടാകും. വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമാവുക.