രാജ്യത്ത് ജിഎസ്ടി വെട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളവും. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, 2017- 18 കാലയളവ് മുതൽ നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെ കേരളത്തിലെ ജിഎസ്ടി വെട്ടിപ്പ് 3,058 കോടിയാണ്. ഇത് ദേശീയ തലത്തിലെ മൊത്തം വെട്ടിപ്പിന്റെ 0.99 ശതമാനം മാത്രമാണ്.
ജിഎസ്ടി വെട്ടിപ്പ് ഇനത്തിൽ കേരളത്തിൽ നിന്നും 1,206 കോടി രൂപ ഇതിനോടകം തിരിച്ചുപിടിച്ചിട്ടുണ്ട്. അതേസമയം, ജിഎസ്ടി വെട്ടിച്ചതിന് കേരളത്തിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ത്രിപുര, മണിപ്പൂർ, മേഘാലയ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, ആൻഡമാൻ, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ജിഎസ്ടി വെട്ടിപ്പ് താരതമ്യേന കുറഞ്ഞിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ 500 കോടി രൂപയിൽ താഴെയാണ് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുള്ളത്.