‘ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണ്’

തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് നിലപാട് വ്യക്തമാക്കിയ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഇടതുപക്ഷവും കോൺ​ഗ്രസും രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്ന് മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നതെന്നും കോൺ​ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ക്രിസ്ത്യാനികളുടെ വക്താക്കളായി മാറേണ്ട എന്നും വി മുരളീധരൻ വ്യക്തമാക്കി. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്‌ക്കുന്നതെന്ന് വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

വി മുരളീധരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“ചോദ്യം : ബിജെപിയോട് അയിത്തമില്ലേ ?
ഉത്തരം : അയിത്തമില്ലാതാക്കാൻ എക്കാലവും പ്രയത്നിച്ചവരാണ് കത്തോലിക്ക സഭ , ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയല്ലേ ?
ചോദ്യം : താങ്കൾ പറയുന്നത് ജനങ്ങൾ സ്വീകരിക്കുമോ ?
ഉത്തരം : മലയോര കർഷകരുടെ വികാരമാണ് ഞാൻ പറഞ്ഞത് …
ചോദ്യം: ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ?
ഉത്തരം : എന്ന് ഞാൻ കരുതുന്നില്ല, പ്രശ്നപരിഹാരത്തിന് ആളാവുമല്ലോ ”
പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി…..!
അതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി….
റബറിൻ്റെ പേരിൽ നിലപാട് എടുക്കരുത് പോലും !
ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിന് ?
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികൾ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് “സഖ്യകക്ഷികളു”ടെ താൽപര്യം….
താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണം….
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്…

ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്…
‘ഇരട്ട എഞ്ചിൻ സർക്കാർ’ നടപ്പാക്കിയ വികസനങ്ങൾക്കാണ് ജനം വോട്ടു ചെയ്തത്…
ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്ത ഛത്തിസ്ഗഡിൽ കോൺഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്….
ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിൻ്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്…!
സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ്…