ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി.

അജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ട് പോകരുതെന്നാണ് റിപ്പോര്‍ട്ടിലെ ആദ്യ നിർദ്ദേശം. ഇത് പ്രാദേശികമായി കളക്ഷൻ പോയിന്‍റുകളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. സാനിറ്ററി പാഡുകളും ഡയപ്പുറകളും എളംകുളത്തുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണം. ആളുകൾ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയം നിരീക്ഷണം ഉറപ്പാക്കണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളിൽ നടപ്പിലാക്കണം. തുടങ്ങിയ നിർദ്ദേശങ്ങൾ ജൂൺ 5 നകം നടപ്പാക്കണമെന്നാണ് നിർദ്ദേശം.