ബംഗളൂരു-മൈസൂരു അതിവേഗ പാതയുടെ പ്രയോജനം മലയാളികള്‍ക്ക്

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും മൈസൂരുവും. പക്ഷേ, 3 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. എന്നാല്‍ ബംഗളൂരു-മൈസൂരു അതിവേഗ പാത യാഥാര്‍ത്ഥ്യമായതോടെ ഇരു നഗരങ്ങളിലേയ്ക്കുള്ള യാത്രാ ദൈര്‍ഘ്യം 75 മിനിറ്റായി കുറയും. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. അതിവേഗപാതയിലൂടെ ബംഗളൂരുവില്‍ നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്.

വികസനത്തിനും ഇത് ശരവേഗം നല്‍കുമെന്നാണ് പ്രതീക്ഷ. 8500 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയാണ് അതിവേഗ പാതയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് ഇരുവശത്തുമായി രണ്ട് വീതം സര്‍വീസ് റോഡുകളും. മൊത്തത്തില്‍ പത്തുവരിപ്പാത. പ്രധാന പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ ചീറിപ്പായാം. ടൗണുകളുടെ ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ ആറിടങ്ങളില്‍ ബൈപ്പാസുകളുമുണ്ട്. അതിനാല്‍ തുടക്കംമുതല്‍ ഒടുക്കംവരെ വേഗത്തിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസും വേണ്ട. അതിവേഗ പാതയില്‍ ഓട്ടോയ്ക്കും ബൈക്കുകള്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇവയെ ഒഴിവാക്കിയിരിക്കുന്നത്.

അതിവേഗം ചീറിപ്പായണമെങ്കില്‍ രണ്ടുതവണ ടോള്‍ നല്‍കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോള്‍നിരക്ക് എത്രയാണെന്ന് വ്യക്തമല്ല. പാതയുടെ കുറച്ചുഭാഗത്തെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാവാനുണ്ട്. എട്ടുമാസത്തോളം എടുക്കും ഇത് പൂര്‍ത്തിയാവാന്‍. അതിനുശേഷമായിരിക്കും ടോള്‍ നിരക്ക് പ്രഖ്യാപിക്കുക എന്നാണ് ലഭ്യമായ വിവരം.