ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരവും കർമാടകത്തിലെ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു സൂചന. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് പതിനൊന്നിനു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.
അതേസമയം, സുമലത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 2019ലും സുമതല ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ബിജെപിയിലേയ്കുള്ള പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുമലത തയാറായില്ല. അതേസമയം, സുമലത ബിജെപിയിൽ ചേർന്നേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണു പല ബിജെപി നേതാക്കന്മാർ പറയുന്നത്.
എന്ന്, എപ്പോള്‍, എവിടെ വച്ചാകും പാര്‍ട്ടി പ്രവേശനം എന്നതു സംബന്ധിച്ചു ബിജെപി നേതാക്കന്മാര്ക്കും വ്യക്തതയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നയിക്കുന്ന വിജയ സങ്കല്പ രഥയാത്ര ബുധനാഴ്ച ചാമരാജ് നഗറിലെ മാലേ മഹാദേശ്വരത്തുനിന്നു തുടങ്ങിയിട്ടുണ്ട്. ‘രഥം’ ഉരുണ്ട് മാണ്ഡ്യ കടക്കുമ്പോള്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കുമെന്നാണു ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്.