ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച അഹാംഗർ അടക്കം രണ്ട് ഐ.എസ് തീവ്രവാദികളെ വധിച്ച് താലിബാൻ സൈന്യം

കാബൂൾ: തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ സുരക്ഷാ സേന വധിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറിയിച്ചു. ഇന്റലിജൻസ് മേധാവിയും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുൻ യുദ്ധമന്ത്രിയുമായ ഖാരി ഫത്തേഹ് അടക്കം രണ്ട് പേരെയാണ് വധിച്ചതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞൻ ഖാരി ഫത്തേഹ് ആണെന്നും, കാബൂളിലെ റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് ഇയാൾ ഉത്തരവാദിയാണെന്നും മുജാഹിദ് പറഞ്ഞു.

ഖാരി ഫത്തേഹിനെ കൂടാതെ, ഇസ്‌ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്‌എച്ച്‌പി) ആദ്യ അമീറും തെക്കൻ അഫ്ഗാനിസ്ഥാനിലെ ഐഎസ്‌കെപിയുടെ മുതിർന്ന നേതാവുമായ ഇജാസ് അഹമ്മദ് അഹാംഗറിനെയും കൊലപ്പെടുത്തിയതായി താലിബാൻ വ്യക്തമാക്കി. അബു ഉസ്മാൻ അൽ-കാശ്മീരി എന്നറിയപ്പെട്ടിരുന്ന, അഹാംഗറിനെ ഈ വർഷം ജനുവരിയിൽ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇയാളെ കേന്ദ്രം അന്വേഷിക്കുകയായിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാളെ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സർക്കാർ അന്വേഷിച്ച് വരികയായിരുന്നു.

2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാര കാർട്ട്-ഇ പർവാനിൽ ഒരു സുരക്ഷാ ജീവനക്കാരന്റെയും 24 ആരാധകരുടെയും ജീവൻ അപഹരിച്ച ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരൻ അഹാംഗറാണെന്ന് അഫ്ഗാൻ ഇന്റലിജൻസ് തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്ക് അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.