കോടിയേരി; വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം

തിരുവനന്തപുരം: ദീർഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്നു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ്‌ കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യമുണ്ടായത്‌. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട്‌ തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ്‌ ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ചെന്നൈയിൽ നിന്ന്‌ തലശ്ശേരിയിലേക്കും, പിന്നീട്‌ കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തതെന്നും സിപിഎം വ്യക്തമാക്കുന്നു.

വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച കോടിയേരിയുടെ മൃതദേഹം തലസ്ഥാനത്ത് എത്തിക്കാതിരുന്നതിൽ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി സിപിഎം രംഗത്തെത്തിയത്.

കോടിയേരി ബാലകൃഷ്‌ണന്‌ അര്‍ഹിക്കുന്ന ആദരവോടെയാണ്‌ കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചതെന്ന് സിപിഎം. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിലൂടെ ഉണ്ടായ വലിയ നഷ്ടം കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് പാർട്ടി സ്നേഹിക്കുന്നവർക്ക് ഉറപ്പ് നൽകുന്നതായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രകുറിപ്പിൽ വ്യക്തമാക്കി. കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.