സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി. ദിവാകരൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം മാത്രമാണ്. സി.പി.ഐയിൽ അഭിപ്രായങ്ങൾ അടിച്ചമർത്താറില്ല. ചില സന്ദർഭങ്ങളിൽ ചിലർ കാര്യങ്ങൾ പുറത്തു പറയുന്നു. അങ്ങനെ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്ന് സമ്മേളനത്തോടെ തെളിഞ്ഞുവെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം സമ്മേളനം പാർട്ടി ‘ചരിത്രത്തിലെ അവിസ്മരമണീയ സംഭവമാണ്. ഇനിയും പാർട്ടി അംഗസംഖ്യ വർധിപ്പിക്കണം. ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങൾ ആണ് സമ്മേളനത്തിൽ ചർച്ചയായത്. മാധ്യമങ്ങൾ അവർക്ക് താത്പര്യമുള്ള പൈങ്കിളി കഥകൾ പ്രചരിപ്പിച്ചു. സി.പി.ഐ സർക്കാരിന് എതിരെ എന്ന് വരുത്തി തീർക്കാനും ചില ശ്രമം നടന്നു. പാർട്ടി അംഗസംഖ്യ ഉയരുന്നതിന് അനുസരിച്ച് മുന്നണി സംവിധാനത്തിൽ കൂടുതൽ സീറ്റുകൾ കിട്ടണം എന്നില്ല.

മത്സരിക്കുന്ന കൂടുതൽ സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞടുപ്പിൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള തിരിച്ചടി ഒഴിവാക്കാൻ പ്രവർത്തനം നടത്തും’- കാനം രാജേന്ദ്രന്‍ പറഞ്ഞു.