വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമ്മാണം നിർത്തി വയ്ക്കില്ലെന്നും സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീൻ സഭ അറിയിച്ചെന്നുമാണ് സർക്കാരിൻ്റെ പ്രതികരണം .

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മിൽ ചർച്ച നടക്കുന്നത് . ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ച് നിൽക്കുകയാണ്.