കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പോലീസിന്റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.
വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.