‘ലവ് ഈസ് ലവ്’; കാതലിലെ മമ്മൂട്ടിയുടെ മകളുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


മമ്മൂട്ടി ചിത്രം കാതലിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച പുതുമുഖ താരം അനഘ രവിയുടെ പഴയൊരു ഫോട്ടോഷൂട്ട് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ലവ് ഈസ് ലവ്’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകൾ പങ്കുവച്ചിട്ടുള്ളത്. ഗ്രീഷ്മ നരേന്ദ്രനാണ് അനഘയ്‌ക്കൊപ്പം ഫോട്ടോഷൂട്ടിൽ ഉള്ളത്. എന്തായാലും പ്രണയം തുളുമ്പുന്ന ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം, ജിയോ ബേബി-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്. കാതൽ എന്ന ചിത്രത്തിൽ ഫെമി മാത്യു എന്ന മമ്മൂട്ടിയുടെ മകളായാണ് അനഘ അഭിനയിച്ചത്. ചിത്രത്തിൽ അനഘ രവിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ചിത്രത്തിൽ മമ്മൂട്ടി എന്ന നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിനെ പറ്റിയും അനഘ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുമായുള്ള ആദ്യ ഇന്ററാക്ഷൻ ഷോട്ട് തനിക്ക് ഭയങ്കര സ്പെഷ്യലാണ് എന്നാണ് അനഘ പറയുന്നത്. ആക്ഷൻ പറഞ്ഞതിന് ശേഷം മുൻപ് കണ്ട ആളെയല്ല പിന്നെ കാണാൻ കഴിഞ്ഞതെന്നും പൂർണമായും കഥാപാത്രമായി മമ്മൂട്ടി മാറി എന്നുമാണ് അനഘ പറയുന്നത്.

‘മമ്മൂക്ക ലൊക്കേഷനിലുള്ള എല്ലാ സമയവും എനിക്ക് നല്ല ഓർമ്മകളാണ്. മൊത്തം സെറ്റ് തന്നെ ഓരോ മെമ്മറികളാണ് തന്നുകൊണ്ടിരുന്നത്. മമ്മൂക്കയുമായിട്ടുള്ള ഏറ്റവും നല്ല മെമ്മറി ആദ്യ ഷോട്ടായിരുന്നു. ആദ്യത്തെ ഇന്ററാക്ഷൻ ഷോട്ട് എനിക്ക് ഭയങ്കര സ്പെഷ്യലാണ്. അതൊരു മാജിക്കൽ മൊമെന്റ് ആയിരുന്നു. ഞാനവിടെ വരുമ്പോൾ എങ്ങനെ ആയിരിക്കും എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. വന്നിരുന്നതിനു ശേഷം ഞാനെൻ്റെ ഡയലോഗ് ഓർത്തിരിക്കുകയാണ്. എല്ലാവരും മമ്മൂക്കയെ കണ്ടപ്പോൾ എഴുന്നേറ്റു. ആക്ഷൻ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തെ തിരിഞ്ഞു നോക്കണ്ട. കാരണം ആദ്യം മമ്മൂക്കയുടെ ഡയലോഗ് ആണ്. അതുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ മുമ്പ് കണ്ടിരുന്ന കണ്ണിന്റെ തിളക്കമല്ല, എല്ലാം മൊത്തത്തിൽ മാറി. അവിടെ ഞാൻ സ്റ്റക്ക് ആയിട്ടില്ല, എനിക്കും ആ ഫ്ലോയിലോട്ട് കേറാൻ പറ്റി’, അനഘ പറഞ്ഞു.