Vinod Thomas | ‘എന്നെ ഇങ്ങള് മാംന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി, മതിന്ന്’; വിനോദ് തോമസിന്റെ ഓർമ്മയുമായി സുരഭി ലക്ഷ്മി
നടൻ വിനോദ് തോമസിന്റെ (Vinod Thomas) ആകസ്മിക നിര്യാണത്തിൽ പകച്ച് നടി സുരഭി ലക്ഷ്മി (Surabhi Lekshmi). കഴിഞ്ഞ ദിവസമാണ് കാറിന്റെ ഉള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരുപിടി നല്ല ക്യാരക്ടർ വേഷങ്ങൾ ചെയ്തയാളാണ് വിനോദ് തോമസ്. ‘കുറി’ എന്ന സിനിമയിൽ സുരഭിയുടെ സഹോദരനായി വേഷമിട്ടിട്ടുണ്ട്. ‘മാം’ എന്ന വിളിവേണ്ട സുരഭി എന്ന് വിളിച്ചാൽ മതിയെന്ന സ്നേഹം നിറഞ്ഞ താക്കീതും ഇന്ന് സുരഭിയുടെ മനസ്സിൽ ഒരു കണ്ണീരോർമയായി മാറുന്നു.
‘വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചർച്ചകളും. ‘കുറി’ എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു.
എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ‘മാം’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങള് മാം ന്നൊന്നും വിളിക്കല്ലി, സുരഭിന്ന് വിളിച്ചാമതി മതിന്ന്.
അപ്പോൾ സാഗർ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ,തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.
“അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ “കല”ക്ക് വേണ്ടിയാണ്…..” അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ…’
Summary: Surabhi Lakshmi rewinds moments with late actor Vinod Thomas when they acted together for Kuri movie