ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി പൊട്ടിക്കരഞ്ഞ് നടന്‍ സുധീര്‍
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. കാൻസർ രോഗത്തെ അതിജീവിച്ച നടന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് സുധീർ മനസ് തുറക്കുന്നുണ്ട്. നടനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പീഡന കേസ് വന്നിരുന്നു. ഇതിനെ കുറിച്ചായിരുന്നു താരം തുറന്നു സംസാരിച്ചത്. പൊട്ടിക്കരയുകയായിരുന്നു സുധീർ.
വിനയന്റെ ഡ്രാക്കുള എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന കാലത്തായിരുന്നു ആ സംഭവം പുറത്തുവന്നത്. ഭാര്യയും രണ്ടു മക്കളുടെ അച്ഛനുമായ സുധീര്‍ സുകുമാരന്‍ സിനിമയിലെ നായികയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തല്ലി എന്നൊക്കെയായിരുന്നു കേസ്. പ്രണയമാണെന്ന് പറഞ്ഞ് നടന്‍ നടിയെ ശല്യം ചെയ്തു എന്നും തല്ലിയെന്നും ഒക്കെയായിരുന്നു പ്രചാരണം. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്റെ രൂക്ഷ സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നുവരെ വാര്‍ത്തകള്‍ വന്നു.
ഈ പ്രചാരണങ്ങൾ കള്ളമായിരുന്നു എന്നാണ് സുധീർ ഇപ്പോൾ പറയുന്നത്. ‘എന്റെ രണ്ട് മക്കളാണെ സത്യം ഭാര്യ ഇരിക്കെ ഞാന്‍ മറ്റൊരു സ്ത്രീയ്ക്ക് പിന്നാലെ പോകുകയോ, റോഡില്‍ തടഞ്ഞു നിര്‍ത്തി തല്ലാനോ, തട്ടിക്കൊണ്ടു പോകാനോ പീഡിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. ഞാന്‍ ചെയ്തിട്ടില്ല. ഇതിന്റെയൊക്കെ പിന്നില്‍ ഒരാള്‍ മാത്രമാണ്’, സുധീര്‍ പറയുന്നു.
‘അന്ന് തന്നെ അതിനോട് പ്രതികരിക്കാന്‍ ഞാന്‍ പോയിരുന്നു. പക്ഷെ ഗുരുതുല്യനായ വിനയന്‍ സര്‍ എന്നെ തടഞ്ഞു. ‘എടാ നിന്റെ സിനിമയാണ് ഡ്രാക്കുള, അതിലഭിനയിക്കുന്ന ആള്‍ തന്നെയാണ് നിനക്ക് എതിരെ ഇങ്ങനെ പറഞ്ഞിരിയ്ക്കുന്നത്. നീ വാ തുറന്നാല്‍ ഫസ്റ്റ് ഷോട്ടില്‍ തന്നെ ആളുകള്‍ കൂവും. അത് നിനക്കുള്ള കൂവലല്ല. അങ്ങനെ കൂവിയാല്‍ സിനിമ താഴെ വീഴും. നിന്റെ രണ്ട് വര്‍ഷത്തെ കഷ്ടപ്പാട് ഇല്ലാതെയാവും. അതുകൊണ്ട് മിണ്ടാതിരിക്ക്. ഈ അപവാദം എല്ലാം അങ്ങ് തീരും’ എന്നദ്ദേഹം പറഞ്ഞു.
പക്ഷെ പത്ത് വര്‍ഷം കഴിഞ്ഞിട്ടും, ഇന്നും ഈ ചീത്തപ്പേര് എന്നില്‍ നിന്നും പോയിട്ടില്ല. കാന്‍സര്‍ രോഗം വന്ന്, തീരെ വയ്യാതിരിക്കുന്ന അവസ്ഥയില്‍ പോലും, ‘ഹാ നിനക്കത് വേണം. ഒരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നിനക്കത് തന്നെ വേണം’ എന്നാണ് ആളുകള്‍ പറഞ്ഞത്. അത് വായിക്കുന്ന എന്റെ അവസ്ഥ എന്തായിരിക്കും. ഞാന്‍ ചെയ്യാത്ത തെറ്റിനാണ് ഈ പഴി കേള്‍ക്കുന്നത്, ഞാന്‍ ആ തെറ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ആ തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നെനിക്ക് തെളിയിക്കാന്‍ പറ്റും. തെളിവുകള്‍ എന്റെ പക്കലുണ്ട്. പക്ഷെ ആ സ്ത്രീ ഇന്നും എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നുണ്ടായിരിക്കും. ഇനി എനിക്കവരെ ഉപദ്രവിക്കേണ്ട.
ആ വാര്‍ത്ത വന്നതിന് ശേഷം എന്റെ കുഞ്ഞുങ്ങള്‍ ഒരാഴ്ച സ്‌കൂളില്‍ പോയിട്ടില്ല. ‘നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാന്നോടാ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചോടാ’ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് വല്ലതും അറിയാമോ. അന്നൊക്കെ ഞാനൊരു കല്യാണത്തിന് പോയാലും ഇതായിരുന്നു അവസ്ഥ’, സുധീർ കണ്ണീരോടെ പറയുന്നു.