Sesham Mike-il Fathima | ‘മലയാളം അറിയാത്ത ഈ കുട്ടിയെ ആണോ നിങ്ങൾ മലപ്പുറംകാരി ആക്കുന്നത്?’; സംവിധായകൻ നേരിട്ട ചോദ്യത്തെക്കുറിച്ച് കല്യാണി പ്രിയദർശൻ


ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ (Kalyani Priydarshan). ‘ശേഷം മൈക്കിൽ ഫാത്തിമ’ (Sesham Mike-il Fathima) എന്ന ചിത്രം നവംബർ 17ന് തിയേറ്ററുകളിലെത്തുന്നു. മലയാളം അധികം വശമില്ലാത്ത കല്യാണിയുടെ സംസാരത്തിൽ ഒരു ഇംഗ്ലീഷ് ടച്ച് നേരത്തേയുണ്ട്. ഇത് മറികടക്കുകയായിരുന്നു ഈ സിനിമയിലേക്കുള്ള പ്രധാന വെല്ലുവിളി എന്ന് കല്യാണി തന്നെ പറയുന്നു.

“ഇതുവരെ ആരെയും സിനിമയിൽ അസ്സിസ്റ് ചെയ്യുകയോ സിനിമ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഒരു സിനിമാ സംവിധായകനിൽ ഞാൻ എന്താണ് കണ്ടതെന്ന് ആളുകൾ എന്നോട് ചോദിച്ചു.

Also read: Maharani | ‘അവള്‍ക്ക് ഞാനെന്നു പറഞ്ഞാ ജീവനാ, പ്രാണനാ, പക്ഷേ നായരാ!’; ട്രെയ്‌ലറുമായി ‘മഹാറാണി’

‘ഈ പെൺകുട്ടിക്ക് മലയാളം അറിയില്ല; അവൾ ഇതെങ്ങനെ ചെയ്യും?’ എന്ന് പലരും മനുവിനോട് ചോദിച്ചിരുന്നു. തമിഴിൽ പ്രധാനമായി പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനോട്, മലയാളത്തിൽ ഇത് എങ്ങനെ നടക്കും എന്നും ചിലർ ചോദിച്ചിട്ടുണ്ട്. ഇതായിരുന്നു ചിത്രത്തിന്റെ സാരാംശം. നമുക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ച് പരസ്പരം സഹകരിച്ചു പോവുകയായിരുന്നു ഉദ്ദേശം.”

മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ഉണ്ട്.

ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ‘ജവാൻ’, വിജയുടെ ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ‘ശേഷം മൈക്കിൽ ഫാത്തിമ’. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.