Queen Elizabeth | നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ക്യൂൻ എലിസബത്തിലെ ‘ചെമ്പകപൂവെന്തെ’ ഗാനം പുറത്തിറങ്ങി | Meera Jasmine
വർഷങ്ങളുടെ ഇടവേളക്ക് ശേഷം മീരാ ജാസ്മിനും നരേനും ജോഡികളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ലെ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം പുറത്തിറങ്ങി. ജോ പോൾ വരികൾ ഒരുക്കിയ ഗാനത്തിന് രഞ്ജിൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഹരിചരൺ ആണ് ഗായകൻ. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുങ്ങുന്നത്.
‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ചിത്രമാണ് ‘ക്യൂൻ എലിസബത്ത്’. ഈ ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീരാ ജാസ്മിൻ. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായാണ് നരേൻ എത്തുന്നത്.
ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്.
മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.