‘ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും’: വ്യക്തമാക്കി കങ്കണാ റണാവത്ത്


മുബൈ: രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ഭഗവാന്‍ കൃഷ്ണന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ഗുജറാത്തിലെ ദ്വാരകാധീശ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയ ബിജെപി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ പറഞ്ഞു. 600 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യാക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. ബിജെപി സര്‍ക്കാരിന്‍റെ ശ്രമഫലമാണിത്. സനാതന ധര്‍മ്മത്തിന്‍റെ പതാക എങ്ങും പറക്കട്ടെയെന്നും കങ്കണ പറഞ്ഞു. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും അത് പൂർവ്വ സ്ഥിതിയിലേക്ക് മാറ്റാൻ ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഡൽഹി തൊഴിൽ മന്ത്രിക്ക് ചൈനയിൽ അനധികൃത ബിസിനസ്: റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്ന് ഇഡി

‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയിൽ കാൽ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. അല്ലയോ ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെകൂടെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ,’ കങ്കണ വ്യക്തമാക്കി.