എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവര്‍, മമ്മൂക്ക ചോദിച്ചപ്പോഴാണ് ഞാനും ഇത് ശ്രദ്ധിച്ചത്: ജോസഫ് നെല്ലിക്കല്‍
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെക്കുറിച്ച് പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ഭീഷ്മ പര്‍വ്വമെന്ന സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സിനിമയിലെ ഓരോ സീനിനെയും മമ്മൂട്ടി എങ്ങനെയാണ് സമീപിക്കുന്നതെന്നും എത്രത്തോളം ഒരു കഥാപാത്രത്തിലേക്ക് അദ്ദേഹം ഇറങ്ങി വരുന്നുണ്ടെന്നതിനെക്കുറിച്ചും പങ്കുവച്ചത്.
READ ALSO: ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ലഭിക്കാറുണ്ടോ? അവ നീക്കം ചെയ്യാൻ ഇക്കാര്യത്തിൽ അറിയൂ
അഭിമുഖത്തിൽ ജോസഫ് നെല്ലിക്കല്‍ പറഞ്ഞത് ഇങ്ങനെ,
‘ഭീഷ്മയില്‍ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മരിച്ച ശേഷം മയ്യിത്ത് കട്ടിലിലെടുക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യാനുള്ള ദിവസം ഞാന്‍ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കാണുന്ന കാഴ്ച മുറ്റം നിറയെ കുറേ സ്ത്രീകള്‍ പര്‍ദ്ദയിട്ട് നില്‍ക്കുന്നതാണ്.
സിനിമയില്‍ മുസ്ലിം പശ്ചാത്തലം പറയുമ്പോള്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദ കൊടുക്കുകയെന്നത് സാധാരണമായിരുന്നു. അതുകൊണ്ട് കോസ്റ്റ്യൂം ടീം അവര്‍ക്ക് പര്‍ദ്ദ കൊടുത്തതില്‍ തെറ്റ് പറയാന്‍ പറ്റില്ലായിരുന്നു. ആ സീനില്‍ മരണ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കുറേ മുസ്ലിം സ്ത്രീകള്‍ ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു. പക്ഷേ അന്ന് ഷൂട്ടിങ്ങിന് മുമ്പ് മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ മമ്മൂക്കയാണ് ചോദിച്ചത്, എണ്‍പതുകളില്‍ മട്ടാഞ്ചേരിയില്‍ പര്‍ദ്ദ ഉണ്ടാകുമോയെന്ന്. അന്ന് പര്‍ദ്ദ കുറവല്ലേ, അപ്പോള്‍ അങ്ങനെ പര്‍ദ്ദയിട്ട് മരണ വീട്ടിലേക്ക് ആരും വരില്ലല്ലോയെന്ന് മമ്മൂക്ക ചോദിച്ചു.
അപ്പോഴാണ് ഞാനും ആലോചിക്കുന്നത്. ശരിയാണ് പര്‍ദ്ദയുടെ ഉപയോഗം കൂടിയത് ഇപ്പോഴാണ്. അന്ന് കൊച്ചിയില്‍ പര്‍ദ്ദയിട്ടവര്‍ കുറവായിരുന്നു. ഞങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും അത് മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. അതോടെ ഞങ്ങള്‍ ഒരു പര്‍ദ്ദ ഇട്ടവരെ പോലും ആ സീനില്‍ ഉള്‍പെടുത്തിയില്ല.
ആ സംഭവത്തോടെ ഓരോ സീന്‍ ചെയ്യുമ്പോഴും മമ്മൂക്ക അദ്ദേഹത്തെ കുറിച്ച് മാത്രമല്ലാതെ മറ്റുള്ള കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കുന്നുണ്ടെന്ന സത്യം എനിക്ക് മനസിലായി’.- ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.