തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തീയേറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്.
മേളയുടെ മൂന്നാം ദിവസം വൈകിട്ട് 7.30ന് പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴിന് മൂന്ന് മണിമുതല്‍ ക്യൂ രൂപപ്പെട്ടുതുടങ്ങിയിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികം പേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തീയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളം പേര്‍ അക്ഷമരായി കാത്തുനിന്നു.
ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ സർക്കാർ ചലച്ചിത്ര അക്കാദമിയോട് നിർദേശിച്ചു. 30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നത്.