രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ ചിത്രം കാണാന്‍ മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് എത്തിയത്. ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
വിവാദങ്ങൾ ആളിക്കത്തുമ്പോൾ മുഖ്യമന്ത്രിക്ക് സിനിമ കാണാൻ പോകുന്ന പതിവുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞത് സോഷ്യൽ മീഡിയ ഇപ്പോൾ ഓർമ്മിപ്പിക്കുന്നുണ്ട്. മാസപ്പടി വിവാദം കത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും സിനിമയ്‌ക്കെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
മോഹൻലാൽ ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാലയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിൻറെയും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വില്ലൻവേഷത്തിലത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.