ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണവുമായി എ.കെ. സാജൻ – ജോജു ജോർജ് ചിത്രം ‘പുലിമട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ചിത്രം തിയറ്ററിലെത്തും എന്ന് തന്നെയാണ് പ്രതീക്ഷ. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നായിക ഐശ്വര്യ രാജേഷിന്റെ കൈ പിടിച്ചു കൊണ്ട് നടക്കുന്ന ജോജുവിനെയാണ് പോസ്റ്ററിൽ കാണുന്നത്.
പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന ‘പുലിമടയില്‍’ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
പ്രേക്ഷകശ്രദ്ധ ആകർഷിച്ച ‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിര അണിനിരക്കുന്നു.
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക.
സംഗീതം- ഇഷാൻ ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ; പശ്ചാത്തല സംഗീതം- അനിൽ ജോൺസൺ, എഡിറ്റർ- എ.കെ. സാജൻ; പ്രൊഡക്ഷൻ ഡിസൈനർ- വിനേഷ് ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് പെരുമ്പാവൂർ, ആർട്ട്- ജിത്തു സെബാസ്റ്റ്യൻ; മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ്- അനൂപ് ചാക്കോ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓൾഡ്മങ്ക്സ്. മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, വിതരണം- ആൻ മെഗാ മീഡിയ.