പലരും പറഞ്ഞത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ടെന്നാണ്, ഫോട്ടോഗ്രാഫർ ലീക് ചെയ്തു എന്നാണ് അവർ കരുതിയത്: മാളവിക


കൊച്ചി: സമൂഹ മാധ്യമങ്ങൾ മൂലം ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച്‌ നടി മാളവിക. തന്റെ ലീക്ഡ് വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞ് പലരും തന്നെ ഫോൺ വിളിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും, ഒരു ഫോട്ടോയുടെ പേരിൽ സൈബർ ഇടത്തിൽ നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാളവിക പറയുന്നു. ഷൂട്ടിനിടെയുള്ള തന്റെ വീഡിയോ ഫോട്ടോഗ്രഫർ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണ് പലരും അതിനെക്കുറിച്ച് തന്നോട് സംസാരിച്ചതെന്ന് മാളവിക പറയുന്നു. താനും അമ്മയും അനിയനുമൊക്കെ ഉള്ള ഒരു വീഡിയോയിൽ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് അന്ന് പ്രചരിച്ചിരുന്നതെന്നും മാളവിക പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഷൂട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്കു തുരുതുരാ കോളുകൾ വരാൻ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രഫർ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണു ചിലർ സംസാരിക്കുന്നത്. പിന്നെയാണു സംഗതി മനസ്സിലായത്.

പരിചയമുള്ള ഒരു ഫോട്ടോഗ്രഫറും അദ്ദേഹത്തിന്റെ മേക്കപ് ആർട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ബിഹൈൻഡ് ദ് സീൻസ് വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡും ചെയ്തു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയിൽ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് ‘സൂം’ ചെയ്തു പുതിയ വീഡിയോയാക്കി ഇറങ്ങിയിരിക്കുന്നത്. ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്നു തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. മോശമായി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതുമില്ല’, മാളവിക പറയുന്നു.