കോടീശ്വരനും ബിഗ് ബോസുമല്ല; ലോകത്തിൽ ഏറ്റവും കൂടുതൽ കാലം സംപ്രേക്ഷണം ചെയ്ത ടിവി ഷോ ഇതാണ്


ഇന്ത്യയിലെ ടിവി സീരിയലുകള്‍ ആയിരം എപ്പിസോഡുകള്‍ പിന്നിടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ദൈര്‍ഘ്യമേറിയ ടിവി ഷോകൾ വളരെ കുറവാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടിവി ഷോകള്‍ 1000 എപ്പിസോഡുകളൊക്കെ പിന്നിടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് മിക്കവയും 100 എപ്പിസോഡുകള്‍ കഴിയുമ്പോഴേക്കും അടച്ചുപൂട്ടുകയാണ് പതിവ്. ഏതാനും നാളുകള്‍ കഴിയുമ്പോള്‍ അവയുടെ രണ്ടാം ഭാഗം പ്രത്യക്ഷപ്പെടുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ 56 വര്‍ഷമായി മുടങ്ങാതെ സംപ്രേക്ഷണം ചെയ്യുന്ന ഒരു ടിവി പരിപാടിയുണ്ട് ഇന്ത്യയില്‍. സാധാരണ കൈകാര്യം ചെയ്യുന്ന വിഷയമല്ല ഈ പരിപാടിയിൽ സംപ്രേക്ഷണം ചെയ്യുന്നത്.

16700 എപ്പിസോഡുകള്‍ പിന്നിട്ട, ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന കൃഷിദര്‍ശനാണ് ആ പരിപാടി. കൃഷി സംബന്ധമായ അറിവുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി 1967-ലാണ് ആദ്യമായി തുടങ്ങുന്നത്. ലൈവ് ആക്ഷന്‍ വിഭാഗത്തിൽ ലോകത്ത് ഏറ്റവും അധികം കാലം സംപ്രേക്ഷണം ചെയ്ത ടിവി പരിപാടിയാണ് കൃഷിദര്‍ശന്‍. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതല്‍ കാലം സംപ്രേക്ഷണം ചെയ്ത അമേരിക്കന്‍ സീരിയലുകളായ ഗൈഡിങ് ലൈറ്റ് (15,762 എപ്പിസോഡുകള്‍), ജനറല്‍ ഹോസ്പിറ്റല്‍ (15,081 എപ്പിസോഡുകള്‍) എന്നിവയെ പിന്നലാക്കിയാണ് കൃഷിദര്‍ശന്‍ കുതിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ പരിപാടികളുടെ വന്‍തോതിലുള്ള പ്രക്ഷേപണത്തിന്റെ ഭാഗമായി 1967 ജനുവരി 26-നാണ് ദൂരദര്‍ശനില്‍ കൃഷി ദര്‍ശന്‍ സംപ്രേക്ഷണം ചെയ്തത്. ഡല്‍ഹിക്ക് സമീപമുള്ള 80 ഗ്രാമങ്ങളിലാണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. വൈകാതെ രാജ്യമെമ്പാടും ഈ കാര്‍ഷിക വിജ്ഞാനപരിപാടി ലഭ്യമായി തുടങ്ങി. 1967 മുതല്‍ 2015 വരെ ഡിഡി നാഷണലിലാണ് കൃഷി ദര്‍ശന്‍ പ്രക്ഷേപണം ചെയ്തത്. പിന്നീട് പുതിയ ചാനലായ ഡിഡി കിസാനിലേക്ക് ഇതിന്റെ സംപ്രേക്ഷണം മാറ്റി. ഗ്രാമീണ മേഖലയെയും കൃഷിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളെയും ലക്ഷ്യമിട്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

Also read: Jaladhara Pumpset Since 1962 | ചിരിയുടെ മാലപ്പടക്കം തീർത്ത ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ റിലീസിന്; ഉർവശി, ഇന്ദ്രൻസ് ചിത്രം പുറത്തിറങ്ങുക ഓഗസ്റ്റിൽ

ലോകമെമ്പാടുമുള്ള മുഴുവന്‍ ടിവി പരിപാടികളും എടുക്കുമ്പോള്‍ ജര്‍മന്‍ ആനിമേറ്റഡ് സീരിസായ സാന്‍ഡ്മന്‍ഷന്‍ എന്ന പരിപാടിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1959-ല്‍ തുടക്കമിട്ട ഈ സീരീസ് 22,000 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്.

ഏറ്റവും കൂടുതല്‍ കാലം സംപ്രേക്ഷണം ചെയ്ത മറ്റ് ടിവി പരിപാടികളില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കന്‍ സീരിയലുകളാണ്. ഡെയ്‌സ് ഓഫ് അവര്‍ ലൈവ്, അസ് ദ വേള്‍ഡ് ടേണ്‍സ്, ദ യങ് ആന്‍ഡ് ദ റെസ്റ്റ്‌ലെസ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഈ സീരിയലുകളെല്ലാം 11,000 എപ്പിസോഡുകള്‍ പിന്നിട്ടവയാണ്.

ഇന്ത്യന്‍ ടിവി പരിപാടികളില്‍ കൃഷി ദര്‍ശന് പിന്നിലായി രണ്ടാം സ്ഥാനത്ത് ചിത്രഹാര്‍ ആണ് വരുന്നത്, 12,000 എപ്പിസോഡുകളാണ് ചിത്രഹാറിനുള്ളത്. തൊട്ട് പിന്നില്‍ 11,000 എപ്പിസോഡുകളുമായി രംഗോലിയുമുണ്ട്. ടിവി സീരിയലുകളുടെ വിഭാഗത്തില്‍ യെ റിഷ്ത ക്യാ കെഹ്ലാതാ ഹേ ആണ് ഏറ്റവും മുന്നിലുള്ളത്. 4152 എപ്പിസോഡുകളാണ് ഇത് സംപ്രേക്ഷണം ചെയ്തത്. തൊട്ട് പിന്നില്‍ 3842 എപ്പിസോഡുകളുമായി താരക് മേത്ത കാ ഉള്‍ട്ടാ ചഷ്മയും 2562 എപ്പിസോഡുകളുമായി കുംകും ഭാഗ്യയുമുണ്ട്.