‘അത് പരസ്യമായ രഹസ്യമാണ്’; തന്റെ കരിയർ തകർത്തയാളെ കുറിച്ച് വിവേക് ഒബ്റോയ്


കരിയറിന്റെ തുടക്കകാലം മുതൽ മികച്ച ഒരുപിടി സിനിമകളിൽ അവസരം ലഭിച്ച നടനാണ് വിവേക് ഒബ്റോയ്. മോഹൻലാൽ അടക്കം പ്രധാന വേഷത്തിലെത്തിയ രാംഗോപാൽ വർമ ചിത്രം കമ്പനിയിലൂടെയാണ് വിവേക് ഒബ്റോയിയുടെ അരങ്ങേറ്റം. ഇതിനു ശേഷം സാഥിയ, യുവ, മസ്തി, ഓംകാര, തുടങ്ങി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു വിവേക് ഒബ്റോയിയുടെ തകർച്ചയും. ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. മാഷബിൾ മിഡിൽ ഈസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടതിനെ കുറിച്ചും നഷ്ടമായതിനെ കുറിച്ചുമെല്ലാം അദ്ദേഹം മനസ്സു തുറന്നത്.

സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിക്കാതിരിക്കാൻ ബാഹ്യമായ ഇടപെടലുകൾ ഉണ്ടായെന്ന് അദ്ദേഹം പറയുന്നു. എല്ലാ ഭാഗത്തു നിന്നും തിരിച്ചടികൾ നേരിട്ടു. കൃത്യമായ ഗൂഢാലോചനകൾ തനിക്കെതിരെ ഉണ്ടായി. സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യാൻ പറ്റിയില്ല. ഇതിൽ താൻ കടുത്ത നിരാശയിലായിരുന്നു. ഒന്നും ചെയ്യാതെ നിസ്സഹായനായി ഇരിക്കേണ്ടി വരുന്നതാണ് ഏറ്റവും കഠിനമെന്നും വിവേക് ഒബ്റോയ് പറഞ്ഞു.

അതേസമയം, വിവേക് ഒബ്റോയ് ആരെ കുറിച്ചാണ് പറഞ്ഞത് എന്നതിൽ സോഷ്യൽമീഡിയയിൽ ചർച്ച നടക്കുകയാണ്. പണ്ട് സൽമാൻ ഖാനും വിവേക് ഒബ്റോയിയും പരസ്യമായി ഏറ്റുമുട്ടിയതിനെ കുറിച്ചാണ് പലരും ഓർത്തെടുക്കുന്നത്.