‘ഒരു വ്യക്തി ഒറ്റയ്ക്ക് സൃഷ്ടിച്ച സിനിമ, പോസ്റ്റർ പോലും ഉണ്ടാകണമെന്നില്ല; ലാഭം മുഴുവൻ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന്’ സംവിധായകന്റെ കുറിപ്പ്


മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള അബേനി ആദി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇൻ ദ റെയ്ൻ’. താരത്തിന്റെ പിതാവ് ആദി ബാലകൃഷ്ണനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആദി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കുറിപ്പ് ഇങ്ങനെ

‘ഞങ്ങളുടെ വലിയ സിനിമ ‘ഇൻ ദ റെയ്ൻ’ റിലീസിന് ഒരുങ്ങുകയാണ്…

99 % പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്…സിനിമയുടെ പിന്നണിയിലെ സർഗാത്മക പ്രവർത്തനങ്ങൾ ഒരു വ്യക്തി ഒറ്റക്ക്, ഒരു സംവിധാന സഹായി പോലുമില്ലാതെ നിർമ്മിക്കപ്പെട്ട സിനിമയാണ് ‘ഇൻ ദ റെയിൻ’ (അതൊരു കാഴ്ച്ചക്കാരന്റെ ബാധ്യതയല്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്) പക്ഷേ അത് നിവർത്തിയില്ലാത്ത ഒരു സിനിമിക്കാരന്റെ മാത്രം ബാധ്യതയാണ്. അവനോ അവൾക്കോ സിനിമയോടുള്ള അടങ്ങാത്ത കൊതിയുടെ, പ്രണയത്തിന്റെ ബാധ്യത…

ഞങ്ങളുടെ സിനിമ കാണാൻ നിങ്ങളെ തിയറ്ററിലേക്ക് എത്തിക്കാനായി, പ്രിൻറ് ചെയ്ത ഒരു നല്ല പോസ്റ്റർ പോലും ഉണ്ടാകണമെന്നില്ല. പക്ഷേ നിങ്ങൾ സിനിമ കാണാനായി തിയറ്ററിൽ നൽകുന്ന പണം അതിന്റെ തിയേറ്റർ വിഹിതം കഴിഞ്ഞുള്ള ലാഭം മുഴുവൻ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിട്ടുള്ളതാണ്. ഇതിനായി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരുടെയും, പൊതു പ്രവർത്തനങ്ങളിൽ താല്‍പര്യമുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സഹായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്…

വിശ്വസ്തതയോടെ,

ആദി ബാലകൃഷ്ണൻ

‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’, ‘പന്ത്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് 2016, 2019 വർഷങ്ങളിൽ അബേനിയെ മികച്ച ബാലതാരത്തിനുള്ള അവാർഡ് തേടിയെത്തിയത്. ‘പന്ത്’ എന്ന ചിത്രത്തിന്റെ സംവിധായകനും പിതാവ് ആദിയായിരുന്നു.