തനിക്കെതിരെ വധഭീക്ഷണി മുഴക്കിയിരുന്നെന്ന് ഷെയ്ൻ നിഗം

ചലച്ചിത്ര മേഖലയിൽ പ്രതിഭയുള്ള നടന്മാരെന്ന് പ്രശംസ നേടിയവരാണ് ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും. ചലച്ചിത്ര സംഘടനകളുമായുള്ള തർക്കത്തെ തുടർന്ന് പലപ്പോഴായി വിവാദങ്ങളിൽപ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞവർഷം ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ്‌ ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേ തുടർന്ന് ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്. അതോടൊപ്പം ഷെയ്ൻ നിഗവും നിർമ്മാതാവ്  ജോബി ജോർജ്ജുമായുള്ള പ്രശ്നവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇരുവരും സ്ഥിരം പ്രശ്നക്കാരായ അഭിനേതാക്കളെന്നാണ് ചലച്ചിത്ര മേഖലയിൽ ആരോപണം. ജനശ്രദ്ധ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമെതിരെയുള്ള വിവാദങ്ങൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

മൂന്ന് വർഷം മുൻപാണ് ജോബി ജോർജ്ജ് ഷെയ്ൻ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന് താരം തന്നെ ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചത്. ‘വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു പ്രധാന കാരണം. ഷെയ്ൻ മറ്റൊരു സിനിമയ്ക്കായി മുടി മുറിച്ചതാണ് നിർമ്മാതാവിനെ ചൊടിപ്പിക്കാൻ ഇടയാക്കിയതെന്നും ഇതിനെ തുടർന്ന് വധഭീഷണി മുഴക്കുന്നു എന്നുമായിരുന്നു ഷെയ്ൻ നിഗത്തിന്റെ ആരോപണം. പക്ഷെ ഷെയ്ൻ പ്രതിഫലം ചോദിക്കുന്നുവെന്നും സിനിമയുമായി സഹകരിക്കുന്നില്ലെന്നുമായിരുന്നു ജോബി ജോർജ്ജിന്റെ മറുപടി. ചലച്ചിത്ര സംഘടനകളിൽ പരാതി എത്തിയതോടെ സംസ്കാരിക മന്ത്രിയുടെ മുന്നിൽ വരെ ചർച്ച നീണ്ടു നിന്നിരുന്നു. ഒടുവിൽ ചിത്രത്തിന്റെ എഡിറ്റിംഗിൽ ചില താരങ്ങൾ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ഫെഫ്ക ആരോപിച്ചിരുന്നു. അതിൽ നടന്മാരുടെ പട്ടികയിൽ ഷെയ്ൻ നിഗമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ഓൺലൈൻ അവതാരകയോട് മോശമായി പെരുമാറിയതിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അതേ തുടർന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ നിർമ്മാതാക്കളുടെ സംഘടന താരത്തെ വിലക്കി. അധികം വൈകാതെ അവതാരക കേസ് പിൻവലിച്ചതോടെയാണ് അന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായത്. ഇത്തവണ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറപ്പിച്ചു പറയുകയാണ് അമ്മ സംഘടനയും നിർമ്മാതാക്കളും ചില താരങ്ങളും.