ഇന്ത്യാ ടുഡേ ഒറിജിനൽസ് നിർമിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡോക്യുമെന്ററി പരമ്പരയായ ‘ഡാൻസിംഗ് ഓൺ ദി ഗ്രേവ്’ ഏപ്രിൽ 21 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. മൈസൂർ രാജകുടുംബത്തിലെ മുൻ ദിവാന്റെ ചെറുമകൾ ഷക്കീറ ഖലീലിയുടെ കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര.
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി പാട്രിക് ഗ്രഹാം സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സീരീസ് 4 ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. 30 വർഷം മുമ്പ് സംഭവിച്ച ഷക്കീറ ഖലീലിയുടെ അപ്രതീക്ഷിത തിരോധാനത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ചെന്നൈയിൽ ജനിച്ച ഷക്കീറ ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറായിരുന്നു. 1991-ൽ അവൾ അപ്രത്യക്ഷയായി. ഷക്കീറയുടെ പെട്ടെന്നുള്ള തിരോധാന വാർത്ത രാജ്യത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഈ കേസിലെ മുഖ്യപ്രതി ഷക്കീറയുടെ രണ്ടാം ഭർത്താവ് സ്വാമി ശ്രദ്ധാനന്ദാണ്. 18-ാം വയസ്സിൽ കസിൻ അക്ബർ മിർസ ഖലീലിയുമായി ഷക്കീറയുടെ ആദ്യ വിവാഹം നടന്നിരുന്നു. ഈ വിവാഹത്തിൽ നാല് കുട്ടികളും ജനിച്ചു. എന്നാൽ ഈ പ്രണയവിവാഹം അധികനാൾ നീണ്ടുനിന്നില്ല, 1984-ൽ ഇരുവരും വേർപിരിഞ്ഞു. ആറ് മാസത്തെ വിവാഹമോചനത്തിന് ശേഷം ഷക്കീറ സ്വാമി ശ്രദ്ധാനന്ദിനെ വിവാഹം കഴിച്ചു. സ്വാമിയുമായുള്ള വിവാഹത്തിന് ഷക്കീറയുടെ പെൺമക്കൾ എതിരായിരുന്നു. ഇക്കാരണത്താൽ മൂന്ന് പെൺമക്കൾ അമ്മയിൽ നിന്ന് അകന്നുപോയിരുന്നു. എന്നാൽ നാലാമത്തെ മകൾ സബയ്ക്ക് സ്വാമിയെ ഇഷ്ടമല്ലായിരുന്നെങ്കിലും അമ്മയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചു.
ഷക്കീറയുടെ സ്വത്തിൽ അത്യാഗ്രഹിയായിരുന്ന സ്വാമി പണത്തിനായി അവളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വാമി അവളുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്കരിച്ചു. ശവസംസ്കാരം നടക്കുമ്പോൾ ഷക്കീറയ്ക്ക് ജീവനുണ്ടായിരുന്നു. പിന്നാലെ ഷക്കീറയെ അടക്കം ചെയ്ത സ്ഥലത്ത് ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
ഡോക്യുമെന്ററി പരമ്പരയിൽ, ഈ കേസുമായി ബന്ധപ്പെട്ട ആളുകളുടെ മൊഴികൾ കാണിക്കും. കുറ്റാരോപിതനായ സ്വാമി ശ്രദ്ധാനന്ദിന്റെ (ഷക്കീറയുടെ ഭർത്താവ്) വശവും പരമ്പരയിൽ കാണിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. താൻ നിരപരാധിയാണെന്നാണ് അദ്ദേഹം ട്രെയ്ലറിൽ പറയുന്നത്. സ്വാമി ഇപ്പോഴും ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. വിചാരണക്കോടതിയും ഹൈക്കോടതിയും സ്വാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.
‘ ഡാൻസിംഗ് ഓൺ ദ ഗ്രേവ് ‘ ഏപ്രിൽ 21 ന് ഇന്ത്യയുൾപ്പെടെ 240 രാജ്യങ്ങളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ഇത് ആമസോൺ പ്രൈം വീഡിയോയിലൂടെയും കാണാവുന്നതാണ്. നേരത്തെ ഐ ഇന്ത്യ ടുഡേ ഒറിജിനൽസിന്റെ ഇന്ത്യൻ പ്രിഡേറ്റർ – ഡയറി ഓഫ് എ സീരിയൽ കില്ലർ എന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.