തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു: ജോയ് മാത്യു

വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വന്ദേഭാരത് ട്രെയ്‌നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്.

വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയ്ന്‍ എത്തിക്കാനാണ് ശ്രമം.