പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആർഡിഎക്സ്. ‘ഗോദ’യുടെ സഹസംവിധായകനും നവാഗതനുമായ നഹാസ് ഹിദായത്താണ് ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ യുവ താരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഇത്. ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന സിനിമയെന്ന പ്രത്യേകത കൂടെ ‘ആർഡിഎക്സിനുണ്ട്’. സിനിമയുടെ പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പായെന്ന് അറിയിച്ചിരിക്കുകയാണ് ആന്റിണി വർഗീസ്.
സോഷ്യൽ മീഡിയ വഴിയാണ് ഷൂട്ടിംഗ് പാക്കപ്പായ വിവരം ആന്റിണി വർഗീസ് അറിയിച്ചിരിക്കുന്നത്. അധികം വൈകാതെ സിനിമയ്ക്ക് വിജയാശംസകളുമായി പ്രേക്ഷകരുമെത്തി. സിനിമ ഓണം റിലീസായി ഓഗസ്റ്റ് 25 നു എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ സിനിമ മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യം നൽകുന്നതാണ്. റോബർട്ട്, ഡോണി, സേവ്യർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ പേരുകളുടെ ചുരുക്ക രൂപമാണ് ‘ആർഡിഎക്സ്’.
സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് സാംസിഎസ് ആണ്. ‘കൈതി’, ‘വിക്രം വേദ’ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ് സാം. മോഹൻലാലിൻറെ ഒടിയനാണ് സാം മുൻപ് സംഗീതം ഒരുക്കിയ മലയാളം സിനിമ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ സിനിമകൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ‘ആർഡിഎക്സിന്’ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. മനു മഞ്ജിത്ത്, അലക്സ് ജെ പുളിക്കൽ, റിച്ചാർഡ് കെവിൻ, പ്രശാന്ത് മാധവ്, ധന്യാ ബാലകൃഷ്ണൻ, റോണക്സ് സേവ്യർ, വിശാഖ്, ജാവേദ് ചെമ്പ്, വാഴൂർ ജോസ് എന്നിവരാണ് സിനിമയുടെ മറ്റു പ്രധാന അണിയറപ്രവർത്തകർ.