ലോ ബജറ്റ് ചിത്രങ്ങൾക്ക് തമിഴ്നാട് സർക്കാരിന്റെ സാമ്പത്തിക സഹായം

ബി​ഗ് ബജറ്റെന്നോ ലോ ബജറ്റെന്നോ വ്യത്യാസമില്ലാതെ വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങളാണ് തമിഴ് സിനിമാലോകത്ത് നിന്നും ഓരോവർഷവും പുറത്തിറങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെപ്പോലെ തന്നെ മികച്ച പ്രമേയമുള്ള കൊച്ചുചിത്രങ്ങൾ ബോക്സോഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്താറുമുണ്ട്.

ഇപ്പോഴിതാ കുറഞ്ഞ മുതൽമുടക്കിൽ വരുന്ന മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഒരു നീക്കം നടത്തുകയാണ് തമിഴ്നാട് സർക്കാർ. 2015-നും 2022-നും ഇടയിൽ റിലീസ് ചെയ്ത ലോ-ബജറ്റ് തമിഴ് സിനിമകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ചിത്രത്തിനും ഏഴ് ലക്ഷം രൂപ ധനസഹായമായി ലഭിക്കും. തിരഞ്ഞെടുത്ത തമിഴ് സിനിമകളുടെ ലിസ്റ്റ് ഉടൻ തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ‘ഡിമോണ്ടി കോളനി’, ‘മാനഗരം’, ‘8 തോട്ടൈകൾ’, ’96’, ‘കടൈസി വിവസായി’ തുടങ്ങിയ ചിത്രങ്ങൾ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് പ്രേക്ഷകരടെയും നിരൂപകരുടെയും പ്രതീക്ഷ.