പരിഹസിച്ചവർക്ക് മുന്നിൽ ഷര്‍ട്ടഴിച്ച് സൽമാൻ; സിക്‌സ് പാക്ക് VFX പരിഹാസത്തിന് മറുപടി

സല്‍മാന്‍ ഖാന്‍-പൂജ ഹെഗ്ഡേ ചിത്രം ‘കിസി കാ ഭായ് കിസി കി ജാനി’ന്റെ ടീസറും ട്രെയ്‍ലറും ഗാനവും പുറത്തിറങ്ങിയതോടെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒപ്പം ട്രോളുകളും വിമർശനങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു ട്രെയിലര്‍. വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നുമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ കാണിക്കുന്ന സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് വിഎഫ്എക്‌സ് സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയെടുത്താണെന്നായിരുന്നു ഒരു പക്ഷത്തിന്റെ ആരോപണം.

എന്നാൽ ആരോപണങ്ങൾക്ക് പരസ്യമായി മറുപടി നൽകിയിരിക്കുകയാണ് സൽമാൻ. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകൾക്കുള്ള മറുപടിയായി സൽമാൻ വേദിയിൽ വച്ച് തന്റെ ഷർട്ടഴിച്ച് കാണിക്കുകയായിരുന്നു. കിസി കാ ഭായ് കിസി കി ജാന്‍ ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങിനിടെ വിമർശനങ്ങൾ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു സൽമാന്റെ നടപടി. പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം വേദിയിലുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ ഷര്‍ട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സൽമാൻ ദക്ഷിണേന്ത്യൻ സംസ്കാരത്തെ അവഹേളിച്ചുവെന്നായിരുന്നു മുൻപ് താരത്തിനേരെ ഉണ്ടായ ആരോപണം. ദോത്തിയ ലുങ്കിയാക്കി കാണിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്നും. ദോത്തിയും ലുങ്കിയും രണ്ടാണ് എന്നും ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

തെലുങ്കു താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് ‘കിസി കാ ഭായ് കിസി കി ജാനി’ലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്. വി. മണികണ്ഠനാണ് ഛായാഗ്രഹണം. കെ.ജി.എഫ്. ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍, പായല്‍ ദേവ്, സാജിദ് ഖാന്‍, അമാല്‍ മല്ലിക് എന്നിവരാണ് സംഗീത സംവിധാനം. രവി ബസ്രുര്‍ തന്നെയാണ് പശ്ചാത്തലസംഗീതവും. അനല്‍ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.