അജയ് ദേവ്‍ഗണ്ണിന്റെ 'ഭോലാ' 10 ദിവസത്തിനുള്ളിൽ നേടിയത് കോടികൾ; കണക്ക് പുറത്തു വിട്ട് താരം

അജയ് ദേവ്‍ഗണ്ണിന്റെ ഒടുവിൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ‘ഭോലാ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘കൈതി’യുടെ ഹിന്ദി റീമേക്കാണിത്. അജയ് ദേവ്‍ഗൺ തന്നെയാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും. ‘ഭോലാ’യുടെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പത്ത് ദിവസത്തിനുള്ളിൽ ‘ഭോലാ’യുടെ തിയേറ്റർ കളക്ഷൻ 67.39 കോടി രൂപയാണ്. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം ചെയ്ത മറ്റു സിനിമകൾ. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  അസീം ബജാജാണ്. അമലാ പോളിന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയായ ‘ഭോലായിൽ’ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ്  എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഭോലോയ്ക്ക് രാജ്യത്തെ തീയേറ്ററുകളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 3 ഡിയിലാണ് ‘ഭോലാ’ ഒരുങ്ങിയിരിക്കുന്നത്.

‘ദൃശ്യം 2’വാണ് ഇതിനു മുൻപ് അജയ് ദേവ്ഗൺ നായകനായി പ്രദർശനത്തിന് എത്തിയ സിനിമ. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയായ ‘ദൃശ്യം 2’ൻറെ റീമേക്ക് ആണിത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. സിനിമ സംവിധാനം ചെയ്തത് അഭിഷേക് പതകാണ്. ഭൂഷൻ കുമാർ, കുമാർ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാർ എന്നിവർ ഒരുമിച്ചാണ് സിനിമ നിർമിച്ചത്. തബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിദ ദത്ത, മൃണാൾ ജാധവ്, രജത് കപൂർ, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും നായകനായി എത്തിയത് അജയ് ദേവ്‍ഗൺ ആയിരുന്നു.