എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു, ആരും തിരിഞ്ഞ് നോക്കിയിട്ടില്ല: ജയറാം

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും താരം പലവട്ടം രുചിച്ചു. സിനിമയില്ലാതെ താന്‍ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നു. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് ഒരു പരിപാടിയില്‍ താരം പങ്കുവച്ചത്.

‘ഒരു എട്ട് മാസമായി താന്‍ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകള്‍ പോലും വിളിക്കാതെയായി. 12 വര്‍ഷം തന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാന്‍ ഇയാള്‍ക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി. വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും. ഒരാള്‍ പോലും വിളിക്കില്ല. നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വ്യത്യസ്തമായ പെരുമാറ്റം. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരില്‍ നിന്ന് ആഗ്രഹിക്കുന്നില്ല. വല്ലപ്പോഴും ഉള്ള വിളികള്‍ മതി. അതൊക്കെയല്ലേ സന്തോഷം. പരാജയങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. പരാജയങ്ങള്‍ വേണം.’- താരം പറഞ്ഞു.

‘പൈസ ഒരുപാട് വന്നോണ്ട് ഇരുന്ന സമയത്ത് ലക്ഷങ്ങള്‍ക്ക് ചിലപ്പോള്‍ വിലയുണ്ടാകില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യില്‍ കിട്ടുമ്പോള്‍ ആ സന്തോഷം വേറെയാണ് താനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്. പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോള്‍ ബലമായത് പാര്‍വ്വതിയാണ്’- ജയറാം പറഞ്ഞു.