ഇതൊരു തെറിപ്പാട്ടാണെന്ന് ആദ്യം എനിക്ക് മനസിലായിരുന്നില്ല, അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്’
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സംവിധായകന് മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ‘താനാരോ തന്നാരോ’ എന്ന ഗാനത്തിന് വരികള്‍ ഒരുക്കിയത്.
ഗാനം വിവാദമായി മാറുമെന്ന് കരുതിയിരുന്നു എന്നും എന്നാൽ, ഗാനം വൈറലായതില്‍ സന്തോഷമുണ്ടെന്നും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവായ സാന്ദ്ര തോമസ്. സൗത്ത്ലൈവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘താനാരോ തന്നാരോ വൈറലായതില്‍ സന്തോഷമുണ്ട്. എന്നാല്‍, അതൊരു തെറിപ്പാട്ട് ആണെന്ന് അറിയില്ലായിരുന്നു. യൂട്യൂബില്‍ പാട്ട് വന്നപ്പോള്‍ അതിന്റെ അടിയില്‍ ഒരാള്‍ ഇതിന്റെ ലിറിക്സ് എഴുതി. അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്. ഞാന്‍ അത് കണ്ട് സംവിധായകന് മര്‍ഫിയെ ഞെട്ടി തിരിഞ്ഞ് നോക്കി. ഇതൊരു വിവാദമായി മാറും എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കുഴപ്പമുണ്ടായില്ല. പാട്ട് വൈറലായി. എന്റെ മക്കള്‍ വരെ അത് പാടികൊണ്ട് നടക്കുന്നുണ്ട്.’ സാന്ദ്ര തോമസ് വ്യക്തമാക്കി.
കൈലാസ് ഓരോ പാട്ട് പറഞ്ഞപ്പോഴും സംവിധായകന് തൃപ്തിയായിരുന്നില്ല. മര്‍ഫി തന്നെയാണ് പിന്നീട് വരികള്‍ എഴുതികൊടുത്തത്. അഭിനയിച്ചവര്‍ തന്നെ ഞങ്ങള്‍ പാടിക്കോളും എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ പാട്ട് വന്നത്’, സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.