‘സിനിമയില്‍ മയക്കുമരുന്നുണ്ട്, ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും’: ലിസ്റ്റുണ്ടെന്ന് ടിനി ടോം

കൊച്ചി: മലയാള സിനിമയിൽ മയക്കുമരുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. ഈ ആരോപണത്തിൽ മറുപടി നൽകുകയാണ് നടൻ ടിനി ടോം. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ടെന്നാണ് ടിനി ടോം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യിൽ ഫുൾ ലിസ്റ്റുണ്ടെന്നും, ഈ ലിസ്റ്റ് പോലീസ് നിർമ്മാതാവും മോഹൻലാലിന്റെ വലംകൈയുമായ ആന്റണി പെരുമ്പാവൂരിന് കൊടുത്തിട്ടുണ്ടെന്നുമാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

‘സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള്‍ പോകുന്ന പല മേഖലകളിലും നമ്മള്‍ ഇതാണ് കാണുന്നത്. ഈ പോലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ട്.

ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും. പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ട്’, ടിനി പറയുന്നു.

പാപ്പന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ടിനി ടോമിന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകള്‍. ഓപ്പറേഷന്‍ അരപ്പൈമ എന്ന ചിത്രമാണ് ടിനി ടോമിന്റേതായി അണിയറയിലുള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളുമാണ് ടിനി ടോം.